
തിരുവനന്തപുരം: തന്റെ സ്വകാര്യ വാഹനം ഓടിക്കാൻ വിസമ്മതിച്ച പ്യൂണിന് കോടതി മുറിയുടെ കോണിൽ നിൽക്കാൻ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജിയുടെ ഉത്തരവ്. സംഭവത്തിൽ കോടതി ജീവനക്കാരുടെ സംഘടന ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ പരാതിയെത്തുടർന്ന് ശിക്ഷ ഒഴിവാക്കി.
ജൂൺ 30-ന് ചുമതലയേറ്റ ബാലരാമപുരം സ്വദേശിയായ രാമകൃഷ്ണനോടാണ് ജഡ്ജി തന്റെ സ്വകാര്യ കാർ കോടതിയിലേക്ക് ഓടിച്ചുകൊണ്ടുവരാൻ നിർദ്ദേശിച്ചത്. എന്നാൽ, ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയിട്ടില്ലെന്നും മുൻപ് അപകടം നടന്നതിനാൽ കാർ ഓടിക്കാൻ ഭയമുണ്ടെന്നും രാമകൃഷ്ണൻ ജഡ്ജിയെ അറിയിച്ചു.
ഇതുകേട്ട ജഡ്ജി, എല്ലാ ദിവസവും രാവിലെ 8:30-ന് ബാലരാമപുരത്തെ വീട്ടിൽ നിന്നും രാമകൃഷ്ണൻ ജഡ്ജി താമസിക്കുന്ന പട്ടത്തെ വീട്ടിലെത്തി അവിടെയുള്ള ബ്രീഫ്കേസ് കോടതിയിൽ എത്തിക്കാൻ രാമകൃഷ്ണനോട് ആവശ്യപ്പെട്ടു. അർബുദരോഗിയായ അമ്മയ്ക്ക് താനല്ലാതെ മറ്റാരുമില്ലെന്നും, എല്ലാ ദിവസവും രാവിലെ ജഡ്ജിയുടെ വീട്ടിൽ പോയാൽ 250 രൂപയോളം ചെലവാകുമെന്നും രാമകൃഷ്ണൻ പറഞ്ഞതോടെ ജഡ്ജി പ്രകോപിതനാകുകയായിരുന്നു. തുടർന്ന്, ദിവസവും കോടതി നടപടികൾ അവസാനിക്കുന്നതുവരെ കോടതിയുടെ കോണിൽ നിൽക്കാൻ ജഡ്ജി 'നിൽപ്പ് ശിക്ഷ' വിധിച്ചു.
ഈ നടപടിക്കെതിരെ കോടതി ജീവനക്കാരുടെ സംഘടന ഹൈക്കോടതി രജിസ്ട്രാരെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് രാമകൃഷ്ണന്റെ ശിക്ഷ ഒഴിവാക്കിയിട്ടുണ്ട്.











